03:22pm 07 November 2026
NEWS
ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ
സജീഷ് ടോമിന് ജന്മനാട്ടിൽ ഊഷ്മള വരവേൽപ്

07/11/2026  11:28 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ജന്മനാട്ടിൽ ഊഷ്മള വരവേൽപ്

 


കൊച്ചി: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിനു ജന്മനാട്ടിൽ ഊഷ്മള വരവേൽപ്. ഇന്നു രാവിലെ ഒന്പതിനു നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ സജീഷ് ടോമിനെ അദ്ദേഹം നേരത്തെ ദീര്‍ഘകാലം നേതൃരംഗത്തു പ്രവര്‍ത്തിച്ച ക്രിസ്റ്റ്യന്‍ ലൈഫ് കമ്യൂണിറ്റി (സി.എല്‍.സി) സംഘടനയിലെ ആദ്യകാല സഹപ്രവര്‍ത്തകരും സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
തെക്കൻ ഇംഗ്ലണ്ടിലെ ഹാംഷയർ കൗണ്ടി കൗൺസിലർ കൂടിയായ സജീഷ് ടോം കോട്ടയം ജില്ലയിൽ വൈക്കം സ്വദേശിയാണ്. എറണാകുളം ജില്ലയിൽ ഉദയംപേരൂർ സൗത്ത് പറവൂരിലാണു നിലവിൽ വീടുള്ളത്. ബ്രിട്ടനിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം ബേസിംഗ്സ്റ്റോക്ക് ആന്‍ഡ് ഡീന്‍ ബറോ കൗണ്‍സിലിലേക്ക് 2021-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 2026-ല്‍ ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഒരേ സമയം കൗണ്ടി, ബറോ കൗണ്‍സിലുകളിൽ അംഗമാകുന്ന ആദ്യ മലയാളിയാണ്.
കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ 12ന് ഉച്ചകഴിഞ്ഞു മൂന്നിനു സജീഷ് ടോമിനു സ്വീകരണം ന‌ൽകും. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത  സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിക്കും.
മനോജ് മൂത്തേടൻ എംഎൽഎ, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ തുടങ്ങിയവർ പ്രസംഗിക്കും. സിഎൽസിയുടെയും കേരള സഭയിലെയും വൈദിക, അല്മായ പ്രതിനിധികൾ പങ്കെടുക്കും.
വിമാനത്താവളത്തിലെ സ്വീകണ പരിപാടിക്ക് 
സംഘാടക സമിതി ചെയർമാൻ ജോജോ മനക്കിൽ,  വൈസ് ചെയർമാൻ
പി എൽ അനിൽ, എസ്. ഡി. ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img